കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാംദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തത്.

സ്വര്‍ണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികള്‍ നല്‍കിയ മൊഴികളുടേയും അന്വേഷണ വേളയില്‍ കണ്ടെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍,നിക്ഷേപകര്‍, ഊരാളുങ്കലിന് നല്‍കിയ വിവിധ കരാറുകള്‍ , ലൈഫ് മിഷന്‍ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് രവീന്ദ്രനോട് വിശദമായി ചോദിക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രന്‍ നാലാം തവണ നോട്ടീസ് നല്‍കിയ ശേഷമാണ് ഇ ഡിക്ക് മുന്നില്‍ ഹാജരായത്. കഴിഞ്ഞ ദിവസം പതിനാല് മണിക്കൂറാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്‌തത്.