ന്യൂഡല്‍ഹി: കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വന്‍ തുക കെട്ടിവയ്‌ക്കണമെന്ന്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. ബാഗ്‌പത്ത്‌ ജില്ലാ അധികൃതരാണ്‌ രണ്ട്‌ ലക്ഷം രൂപയുടെ പേഴ്‌സണല്‍ ബോണ്ടുകള്‍ കെട്ടിവയ്‌ക്കാന്‍ കര്‍ഷകര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌

‘സമാധാനപൂര്‍ണമായ പ്രതിഷേധമാണ്‌ നടത്തുന്നതെന്ന്‌’ ഉറപ്പിക്കാനാണ്‌ ലക്ഷങ്ങളുടെ ബോണ്ട്‌ കെട്ടിവയ്‌ക്കാന്‍ നിര്‍ദേശിച്ചതെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. ആര്‍എല്‍ഡി മുന്‍ എംഎല്‍എ വിരേന്ദ്രസിങ്‌ റാഥി ഉള്‍പ്പെടെ നിരവധി കര്‍ഷകനേതാക്കള്‍ക്ക്‌ നോട്ടീസ്‌ ലഭിച്ചു.

അടുത്തുള്ള 200 കര്‍ഷകര്‍ക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. സമരത്തില്‍ പങ്കെടുക്കുന്നവരെ തടയുന്നതിനാണ്‌ അധികൃതര്‍ നോട്ടീസ്‌ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭാല്‍, സിതാപുര്‍ ജില്ലകളിലെ കര്‍ഷകനേതാക്കള്‍ക്കും 50 ലക്ഷം രൂപയുടെ ബോണ്ട്‌ കെട്ടിവയ്‌ക്കാന്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഇത്‌ വിവാദമായതോടെ 50,000രൂപ കെട്ടിവച്ചാല്‍ മതിയെന്നായി അധികൃതരുടെ വിശദീകരണം. നോട്ടീസ്‌ ലഭിച്ചവര്‍ പണം കെട്ടിവയ്‌ക്കാതെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.