തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണെന്ന് കേന്ദ്ര സംഘം. സമ്ബര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തില്‍ ആക്കുന്നതിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ‌കേന്ദ്ര സംഘം നിര്‍ദേശം നല്‍കി. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം നിര്‍ദേശം നല്‍കി.

തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ആണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി രോഗവ്യാപനം കൂടുതല്‍ എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ ജില്ലകളാണ് ഇവ. തുടക്കത്തില്‍ തന്നെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയിരുന്നുവെങ്കില്‍ രോഗബാധിതരെ കണ്ടെത്താനും രോഗ വ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നുവെന്ന് കേന്ദ്ര സംഘം പറഞ്ഞു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയുടെ അഞ്ച് ഇരട്ടി വരെ കൂടിയതെങ്ങനെ എന്നും സംഘം വിശദീകരണം തേടി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വ്യാഴാഴ്ച മുതല്‍ പരിശോധനകളുടെ എണ്ണം 80000-ത്തിനും മുകളില്‍ എത്തിയ കാര്യം ആരോഗ്യ മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു. നിയമ സഭ തിരഞ്ഞെടുപ്പ് കൂടി എത്തുന്ന സമായമായതിനാല്‍ രോഗ വ്യാപനം കൂടാന്‍ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.