കാസര്‍കോട്: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 524 സ്ഥലങ്ങളിലായി 983 പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ രാഷ്ട്രീയ കക്ഷികള്‍ മാതൃകപരമായി പ്രവര്‍ത്തിച്ചതായി ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുപോലെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
പ്രചാരണ പരിപാടികള്‍ക്കായി നിയമസഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുക്കുന്ന മൈതാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിക്കണം. ജി.എച്ച്.എസ്.എസ് കുമ്പള, കാസര്‍കോട് ഗവ. കോളജ്, പെരിയ പോളിടെക്നിക്, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, തൃക്കരിപ്പൂര്‍ പോളിടെക്നിക് എന്നിവയാണ് യഥാക്രമം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക.
80 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കും തപാല്‍ ബാലറ്റ് കമീഷന് പരിഗണിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന് െഡപ്യൂട്ടി കലക്ടര്‍ സൈമണ്‍ ഫര്‍ണാണ്ടസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.കെ. രാജന്, വി. രാജന്, മനുലാല്‍ മേലത്ത്, കുഞ്ഞമ്പു നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്, മൂസ ബി. ചെര്‍ക്കള, ഇലക്ഷന് െഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെ. അജികുമാര്‍, സി. ബിനോ, പി.എന്‍. കണ്ണന്, തഹസില്‍ദാര്‍മാരായ എ.വി. രാജന്, എന്‍. മണിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.