ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇത്തവണ പ്രസാദഊട്ട് ഉണ്ടാകില്ല. പകരം പ്രസാദ ഊട്ടിന്റെ വിഭവങ്ങടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഭരണസമതി തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവം ചടങ്ങായാണ് നടക്കുക. ഉത്സവ പകര്‍ച്ചക്ക് പകരം പകര്‍ച്ച അവകാശമുള്ളവര്‍ക്കെല്ലാം ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നതിനായി ദേവസ്വം സ്‌പോണ്‍സറെ കണ്ടെത്തും.

അഞ്ച് കിലോ അരി, ഒരു കിലോ മുതിര, ഒരുകിലോ വെളിച്ചെണ്ണ, അരകിലോ ശര്‍ക്കര, ഒരു പായ്ക്കറ്റ് പപ്പടം, ഒരു പായ്ക്കറ്റ് ഉപ്പ്, ഒരു നാളികേരം എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. ഉത്സവത്തിന് മുന്നോടിയായുള്ള കലശ ചടങ്ങുകള്‍ 16ന് തുടങ്ങും.24ന് ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും രാത്രി ഉത്സവ കൊടിയേറ്റവുമാണ്.

ക്ഷേത്രത്തില്‍ വിവാഹം ബുക്കിംഗ് ഇനി മുതല്‍ ആറ് മാസം മുന്‍പ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനും ഭരണ സമിതി യോഗം തീരുമാനിച്ചു. നിലവില്‍ രണ്ട് മാസം മുമ്ബ് മാത്രമാണ് ബുക്കിംഗ് ചെയ്യാന്‍ അനുമതിയുള്ളത്. ഭരണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ കെ.ബിമോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.