ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് ഫാറൂഖി ജയില്‍ മോചിതനായത്.

വെള്ളിയാഴ്ച മുനവറിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മദ്ധ്യപ്രദേശ് പൊലീസ് ജയില്‍മോചനം വൈകിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് സുപ്രീം കോടതി ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെടുകയും മുനവറിനെ മോചിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

കഴിഞ്ഞമാസമാണ് ബി ജെ പി എം എല്‍ എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയില്‍ മുനവര്‍ ഫാറൂഖി ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റിലായത്.