ന്യൂഡല്‍ഹി: രാജ്യത്ത്​ ആകെ കോവിഡ്​ പരിശോധനകളുടെ എണ്ണം ശനിയാഴ്​ചയോടെ 20 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,40,794 പരിശോധനകളാണ്​ നടന്നത്​. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

രാജ്യത്താകമാനം പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതാണ്​ പരിശോധനകളുടെ എണ്ണം വര്‍ധിച്ചതിന്​ മുഖ്യപങ്കു വഹിച്ചതെന്ന്​ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത്​ 1214 സര്‍ക്കാര്‍ ലബോറട്ടറികളും 1155 സവകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ 2369 പരിശോധനാ ലാബുകളിലുമായി ദൈനംദിന പരിശോധന ശേഷിയില്‍ കൃത്യമായ വര്‍ധനവുണ്ട്​. ആകെ പോസിറ്റിവിറ്റി നിരക്കില്‍ കുറവുമുണ്ട്​. നിലവില്‍ 5.39 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്കെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ 54,16,849 ആളുകള്‍ക്ക് കോവിഡ്​ പ്രതിരോധ മരുന്ന്​ നല്‍കിക്കഴിഞ്ഞു. എല്ലാ ദിവസവും പ്രതിരോധ മരുന്ന്​ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്​. ഇന്ത്യയാണ്​ ഏറ്റവും വേഗത്തില്‍ അഞ്ച്​ ദശലക്ഷം ആളുകള്‍ക്ക്​ കോവിഡ്​ പ്രതിരോധമരുന്ന്​ നല്‍കിയ രാജ്യമെന്നും കേവലം 21 ദിവസംകൊണ്ടാണ്​ ​രാജ്യം ഈ​ നേട്ടം കൈവരി​ച്ചതെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.