യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത ഏമി കോണി ബാരറ്റ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ ചരിത്രദിനം എന്നാണ് ട്രംപ്, ഏമി ബാരറ്റിന്റെ സ്ഥാനാരോഹണത്തെ വിശേഷിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേയാണ് ഇത്. യുഎസ് ഭരണഘടനയ്ക്ക് ഇത് സുപ്രധാന ദിനമാണ്. നീതിപൂര്‍വമായും നിഷ്പക്ഷമായും നിയമവാഴ്ച നടപ്പാക്കുന്നതില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ് – ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസില്‍ രാത്രി സംഘടിപ്പിച്ച ചടങ്ങിലാണ് ഏമി ബാരറ്റ് ജഡ്ജിയായി ചുമതലയേറ്റത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് ഇന്നലെ ഏമി ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി വോട്ട് ചെയ്ത് അംഗീകരിച്ചിരുന്നു. 48നെതിരെ 52 വോട്ടുകള്‍ക്കാണ് ഏമി ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി സെനറ്റ് അംഗീകരിച്ചത്. ഇതോടെ സുപ്രീം കോടതിയില്‍ മൂന്നിനെതിരെ ആറ് കണ്‍സര്‍വേറ്റീവ് ജഡ്ജിമാരായി. ഔദ്യോഗിക ജുഡീഷ്യല്‍ സത്യപ്രതിജ്ഞ ഇന്ന് സുപ്രീം കോടതിയില്‍ നടക്കും. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും.

ലിബറല്‍ ജഡ്ജിയായ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്‌റെ നിര്യണത്തെ തുടര്‍ന്നുള്ള ഒഴിവിലാണ് ഏമി ബാരറ്റ് ചുമതലയേല്‍ക്കുന്നത്. യുഎസ്സില്‍ വ്യാപകമായി ജനപ്രിതീയും അംഗീകാരവുമുണ്ടായിരുന്ന റൂത്ത് ഗിന്‍സ്ബര്‍ഗ് സെപ്റ്റംബര്‍ 18നാണ് അന്തരിച്ചത്. യുഎസ് സുപ്രീം കോടതി ജഡ്ജിയാകുന്ന അഞ്ചാമത്ത വനിതയാണ് ഏമി ബാരറ്റ്.