മോസ്‌കോ:1.5 ലിറ്റര്‍ വോഡ്ക കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് അറുപതുകാരന്‍ മദ്യപിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. മദ്യപാനം യൂട്യൂബ് ചാനലിലൂടെയുള്ള ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയായിരുന്നു മരണം. റഷ്യയിലാണ് സംഭവം.

ഒന്നര ലിറ്റര്‍ വോഡ്ക അകത്താക്കിയതിന് പിന്നാലെ കുഴഞ്ഞുവീണ യൂറി പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. പ്രേക്ഷകരുടെ കണ്‍മുന്നില്‍ തന്നെയുള്ള മരണത്തിന് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു.

സാഹസിക പ്രവൃത്തികളുടെ തത്സമയസംപ്രേക്ഷണം സ്ഥിരമായി ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ‘ഗ്രാന്‍ഡ് ഫാദര്‍’ എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്‌കിന്‍ ഇത്രയധികം അളവില്‍ വോഡ്ക കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. വന്‍തുകയായിരുന്നു ലൈവായി മദ്യപിക്കുന്നതിന് യൂറിയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
.

അമിതമായി മദ്യം ഉള്ളിലെത്തിയതാണോ, അതോ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ സ്ട്രീം ചെയ്യുന്നത് നിരോധിക്കണമെന്ന് സെനറ്റര്‍ അലക്‌സി പുഷ്‌കോവ് ആവശ്യപ്പെട്ടു.