കണ്ണൂര്‍: മുഖ്യമന്ത്രി പിണാറായി വിജയനെതിരേയുള്ള പരാമര്‍ശം വിവാദമായപ്പോള്‍ ആദ്യം പിന്തുണയ്ക്കാതിരുന്ന പാര്‍ട്ടി നേതൃത്വം വഴങ്ങിയതു കെ.സുധാകരന്റെ രാജിഭീഷണിക്കുമുമ്പില്‍

വ്യാഴാഴ്ച രാത്രി ചാനലുകളിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഷാനിമോള്‍ ഉസ്മാനുമെതിരേ തുറന്നടിച്ച സുധാകരന്‍, തന്നെ നേതൃത്വം പിന്തുണച്ചില്ലെങ്കില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ എന്നിവരുടെ തനിക്കെതിരേയുള്ള പ്രതികരണമാണു സുധാകരനെ ചൊടിപ്പിച്ചത്.

ഇക്കാര്യം കോഴിക്കോട്ടുണ്ടായിരുന്ന രമേശ് ചെന്നിത്തലയെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രാത്രി തന്നെ മുല്ലപ്പള്ളി അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തിരക്കിട്ട കൂടിയാലോചനയിലാണു സുധാകരനെ തണുപ്പിച്ച്‌ വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

പ്രശ്‌നത്തില്‍ ഷാനിമോളില്‍ നിന്നു പാര്‍ട്ടി വിശദീകരണം തേടുമെന്നു മുല്ലപ്പള്ളി അറിയിച്ചതോടെയാണു സുധാകരനും ഇന്നലെ നിലപാടില്‍ അയവുവരുത്തിയത്.
നാടന്‍ പ്രയോഗമാണെന്നു ചൂണ്ടിക്കാട്ടി എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സുധാകരനെ പിന്തുണച്ച്‌ രംഗത്തെത്തി. സുധാകരനെതിരേ ആദ്യം രംഗത്തെത്തിയ ഷാനിമോള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും നേതൃത്വത്തിന്റെ നിലപാട് മാറ്റത്തിനു കാരണമായി.
ചൊവ്വാഴ്ച ഐശ്വര്യ കേരളയാത്രയ്ക്കു തലശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുന്നതിനിടെയാണു മുഖ്യമന്ത്രിക്കെതിരേ ചെത്തുകാരന്റെ മകനെന്ന പ്രയോഗം സുധാകരന്‍ നടത്തിയത്.

ആദ്യം സി.പി.എം ഏറ്റെടുക്കാതിരുന്ന വിവാദം സ്വന്തം പാളയത്തില്‍നിന്ന് അവര്‍ക്ക് എറിഞ്ഞുകൊടുത്തെന്നായിരുന്നു നേതൃത്വത്തെ സുധാകരന്‍ അറിയിച്ചത്.