ഗുവാഹതി: ലോകമാകെ നിശ്ചലമാക്കിയ മഹാമാരിയെ പിടിച്ചുകെട്ടി, കൗമാര ഇന്ത്യയുടെ അത്ലറ്റിക് പോരാട്ടത്തിന് ഇന്ന് വെടിമുഴക്കം. കോവിഡ് കാരണം 2020ല്‍ പൂര്‍ണമായും മുടങ്ങിയ ദേശീയ ജൂനിയര്‍ അത്ലറ്റിക്സിെന്റ 36ാമത് സീസണിന് അസമിലെ ഗുവാഹതി സര്ജുസാറായ് സ്റ്റേഡിയത്തില്‍ ട്രാക്കുണരും. കരുതലിെന്റ ട്രാക്കില്‍, പഴുതടച്ച സുരക്ഷയോടെയാണ് ഇന്ത്യന്‍ കൗമാരം മാറ്റുരക്കുന്ന മീറ്റിന് ഗുവാഹതി ആതിഥേയത്വമൊരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അത്ലറ്റുകളെ, വിമാനത്താവളത്തില്‍തന്നെ കോവിഡ് പരിശോധനക്ക് വിധേയരാക്കും. നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.
കേരളം 51; ഹരിയാന 159
ജില്ലതല മീറ്റുകളുടെ അഭാവത്തില്‍, സംസ്ഥാന തലത്തിലെ ട്രയല്‍സിലൂടെ തിരഞ്ഞെടുത്ത 51 അംഗ സംഘവുമായാണ് കേരളമെത്തിയത്. ഏതാനും പേരൊഴികെ എല്ലാവരും ഗുവാഹതിയിലെത്തി. സ്റ്റേഡിയത്തോടുചേര്‍ന്ന് കേരള അത്ലറ്റിക് അസോസിയേഷന് ബുക്ചെയ്ത ഹോട്ടലിലാണ് അത്ലറ്റുകള്‍ക്കും പരിശീലകര്‍ക്കും താമസം. മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും എല്ലാവരും കരുതലോെടതന്നെ. അപര്‍ണ റോയ്, ജോസഫ് ടി.കെ എന്നിവരാണ് ടീം ക്യാപ്റ്റന്മാര്.
എ. അവിനാശ് കുമാര്‍ ആണ് ചീഫ് കോച്ച്. അനൂപ് ജോസഫ്, അഭിലാഷ്, സി. കവിത എന്നിവരും പരിശീലക സംഘത്തിലുണ്ട്. കേരള ടീം 51ലൊതുങ്ങിയപ്പോള്‍, പ്രധാന എതിരാളികളായ ഹരിയാനയും (159), തമിഴ്നാടും (150), ഉത്തര്‍ പ്രദേശും (107) പതിവു പോലെ ജംബോ സംഘവുമായാണെത്തിയത്. തമിഴ്നാട് നേരേത്തതന്നെ ക്യാമ്ബ് നടത്തി മികച്ച തയാറെടുപ്പോടെയാണ് എത്തിയത്. കിരീടത്തില്‍ കേരളത്തിെന്റ കുത്തക തകര്‍ത്ത ഹരിയാന തുടര്‍ച്ചയായി നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2019 നവംബറില്‍ ഗുണ്ടൂരില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പില്‍ കേരളവും തമിഴ്നാടും രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു.