ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും ഏഴാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. 11 കളിയില്‍ നിന്ന് 14 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. അതേ സമയം 11 കളിയില്‍ നിന്ന് 8 പോയിന്റുള്ള ഹൈദരാബാദിന് ഇനിയുള്ള മൂന്ന് മത്സരം ജയിച്ചാലും പ്ലേ ഓഫില്‍ കടക്കുക പ്രയാസമാണ്.

അവസാന മത്സരത്തില്‍ ഡല്‍ഹി കെകെആറിനോട് തോറ്റപ്പോള്‍ പഞ്ചാബിന് മുന്നില്‍ തലകുനിച്ചാണ് ഹൈദരാബാദ് വരുന്നത്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 15 റണ്‍സിന്റെ ജയം ഹൈദരാബാദിനായിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാവും ഡേവിഡ് വാര്‍ണറും സംഘവും ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.

ഇത്തവണത്തെ ഏറ്റവും സംതുലിതമായ ടീമെന്ന നിലയില്‍ കൈയടി നേടിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അവസാന മത്സരങ്ങളിലെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മികച്ച തുടക്കം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പൃത്ഥ്വി ഷാ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഓപ്പണറായി അജിന്‍ക്യ രഹാനെയെ ടീമിലെത്തിച്ചു. കെകെആറിനെതിരേ നേരിട്ട ആദ്യ പന്തില്‍ത്തന്നെ അദ്ദേഹം മടങ്ങി. ശിഖര്‍ ധവാന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ശ്രേയസ് അയ്യരില്‍ നിന്ന് സ്ഥിരതയാര്‍ന്ന വലിയ ഇന്നിങ്‌സുകള്‍ ഉണ്ടാകുന്നില്ല.

ടീമിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തന്റെ അമിത വണ്ണം ബുദ്ധിമുട്ടിക്കുന്നു. സീസണില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ റിഷഭിന് സാധിച്ചിട്ടില്ല. മൈതാനത്തിന്റെ ഏത് വശത്തേക്കും ഒരുപോലെ വമ്ബന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള റിഷഭ് ഇത്തവണ കൂടുതല്‍ പ്രതിരോധിച്ച്‌ കളിക്കുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലക്ഷ്യമിട്ടായിരുന്നു റിഷഭ് തന്റെ ശൈലി ഇത്തരത്തില്‍ മാറ്റിയത്. എന്നാല്‍ അമിത വണ്ണം ആരോപിച്ച്‌ റിഷഭിനെ ടീമിലേക്ക് പരിഗണിച്ചില്ല.

മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസ്,ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ കൂടുതല്‍ മികവ് കാട്ടേണ്ടതുണ്ട്. കഗിസോ റബാദ നയിക്കുന്ന പേസ് നിരയും ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും അണിനിരക്കുന്ന സ്പിന്‍ നിരയും ശക്തം. വിജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

അവസാന സീസണിലെ സൂപ്പര്‍ ഹീറോയായിരുന്ന ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇത്തവണ നിരാശപ്പെടുത്തിയതോടെ ടീമിന്റെ ആകെ പ്രകടനവും നിരാശപ്പെടുത്തുന്നതായി. ബൗളിങ് നിര മികച്ച പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുമ്ബോള്‍ ബാറ്റിങ് നിര പരാജയപ്പെടുന്നു. ജോണി ബെയര്‍സ്‌റ്റോ-വാര്‍ണര്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ടീം അമിതമായി പ്രതീക്ഷ വെക്കുന്നു. മൂന്നാമനായി മനീഷ് പാണ്ഡെ തരക്കേടില്ലാതെ കളിക്കുന്നുണ്ട്.

എന്നാല്‍ പരിക്കേറ്റ കെയ്ന്‍ വില്യംസണ്‍ നാലാം നമ്പറില്‍ കളിക്കാനില്ലാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. വിജയ് ശങ്കര്‍,ജേസണ്‍ ഹോള്‍ഡര്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നു. യുവതാരം ഗാര്‍ഗിനും സ്ഥിരതയില്ല. ഇനിയുള്ള മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമായതിനാല്‍ത്തന്നെ എന്തുവിലകൊടുത്തും വിജയിക്കാനുറച്ചാവും ഹൈദരാബാദ് ഇറങ്ങുക. ടി നടരാജന്‍,ഖലീല്‍ അഹമ്മദ്,സന്ദീപ് ശര്‍മ എന്നിവര്‍ പേസ് ബൗളിങ്ങില്‍ ഇറങ്ങുമ്പോള്‍ ഓള്‍റൗണ്ടര്‍മാരായി റാഷിദ് ഖാനൊപ്പം ചിലപ്പോള്‍ മുഹമ്മദ് നബിക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.