ന്യൂദല്‍ഹി: കര്‍ഷക സമരമെന്ന പേരില്‍ ഇടനിലക്കാര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് വിദേശബന്ധങ്ങളുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടി. ലണ്ടന്‍, അമേരിക്ക, കാനഡ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. റിപ്പബ്ലിക് ദിന സംഘര്‍ഷങ്ങള്‍ക്കിടെ ഖാലിസ്ഥാന്‍ പതാക ഉയരുകയും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ ശക്തികള്‍ സമൂഹ മാധ്യമങ്ങളില്‍ ഇത് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇത് കൂടാതെ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തുന്നതിനായി വിദേശത്തു നിന്നും പണവും ഹവാല ഇടാപാടുകള്‍ വഴി എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ടാകും എന്‍ഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷണം നടത്തുക.

പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളുടെ പണമിടപാട് കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. അതേസമയം പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് കാനഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഖാലിസ്താന്‍ ഭീകര സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.