തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെങ്കിലും അത് തിരുത്താന്‍ സി പി എമ്മിന് അവകാശമില്ലെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം. ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാനായി വി എസ് അച്യുതാനന്ദനെയും കെ ആര്‍ ഗൗരിയമ്മയെയും മാറ്റിനിര്‍ത്തിയതുമുതല്‍ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളില്‍ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്ബര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുളളതെന്നും ശോഭസുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം:
കെ സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണ് എന്നു മനസ്സിലാക്കാന്‍ കാലടി സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആകണമെന്നൊന്നുമില്ല. പക്ഷേ കെ സുധാകരനെ തിരുത്തിക്കാന്‍ സിപിഎമ്മിന് അര്‍ഹതയുണ്ടോ എന്നതാണ് ന്യായമായ ചോദ്യം. ആ അര്‍ഹത കേവലം പിണറായി വിജയന്റെ തന്നെ മാടമ്ബി സ്വഭാവമുള്ള പ്രസ്താവനകള്‍ കൊണ്ട് നഷ്ടപ്പെട്ടതല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടന മുതല്‍ അവര്‍ പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ വിവേചനം കൊണ്ടാണ് കെ സുധാകരനെ തിരുത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ധാര്‍മികമായി അവകാശമില്ല എന്ന് ഞാന്‍ കരുതുന്നത്.
ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാന്‍ വിഎസ് അച്യുതാനന്ദനെയും കെ ആര്‍ ഗൗരിയമ്മയെയും മാറ്റിനിര്‍ത്തിയത് മുതല്‍ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളില്‍ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്ബര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്.
ഈഴവനായ തനിക്ക് എങ്ങനെയാണ് ഈഴവനായ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കഴിയുക എന്നതാണ് സുധാകരന്റെ മറുവാദം. ഈഴവനായ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുമ്ബോള്‍ മൂന്നുനാല് നിറത്തിലുള്ള ഗോളം വരച്ച്, ഗുരുദേവന്റെ ചിത്രം ഒഴിവാക്കി, ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ ഉണ്ടാക്കിയ നാടാണ്. അതിനെതിരെ പ്രതിഷേധിക്കാന്‍ അന്നു സംഘപരിവാര്‍ സംഘടനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഈ നാട് കണ്ടതാണ്. അപ്പോള്‍ ഈഴവര്‍ക്ക് ഈഴവരെ അധിക്ഷേപിക്കാന്‍ കഴിയും എന്നതാണ് സമീപകാല ചരിത്രം.
കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അവരുടെ പാര്‍ട്ടികളുടെ മാടമ്ബി സ്വഭാവത്തിനു പുറത്തേക്ക് വളരാന്‍ കഴിയാത്തതിനാല്‍ ഈഴവനായ ഒരാള്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാടമ്ബി ആകും എന്നല്ലാതെ ഈഴവ സ്വത്വത്തില്‍ നിലനില്‍ക്കാനാവില്ല. എന്നാല്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം വ്യത്യസ്തമാണ്. ഒരു വ്യക്തി ബിജെപിക്കാരന്‍ ആയിരിക്കെ അയാളുടെ സാമൂഹ്യ സ്വത്വത്തെ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ബിജെപി രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം ജാതികളും മതങ്ങളും സമുദായങ്ങളും ഉള്ള ഇന്ത്യയില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നത്. ബിജെപി ആരുടെയും മതത്തെയോ ജാതിയെയോ ഇല്ലാതാക്കി കളയുന്നില്ല പ്രത്യുത അവയെ കൂടി സ്വാംശീകരിച്ച് രാഷ്ട്ര നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുകയാണ്. കേരളത്തിലെ പിന്നാക്ക വിഭാഗക്കാര്‍ എങ്കിലും മനസ്സിലാക്കേണ്ട സത്യം അതാണ്.