തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് ബിജെപി തൃശൂരില്‍ പൊതുസമ്മേളനം നടത്തിയത്. കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്‌ട് ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെപി നദ്ദയെ പ്രതി ചേര്‍ക്കുമെന്നാണ് പൊലീസ് വിശദീകരണം. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.

ജെപി നദ്ദയെ കൂടാതെ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുക്കും. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘ഐശ്വര്യ കേരള’യ്ക്കെതിരേയും പൊലീസ് സമാനകുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍, പ്രോട്ടോക്കോള്‍ പാലിക്കാതെ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ നടത്തുന്ന അദാലത്തിനെതിരെ മാത്രം കേസുമില്ല നിയന്ത്രണങ്ങളുമില്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാര്‍ നടത്തുന്ന അദാലത്തില്‍ നടപടി എടുക്കാത്തതിനെതിരെ വിമര്‍ശനവും ഉയരുകയാണ്. ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ആരോപണം.