കൊവിഡ് വാക്‌സിന് അനുമതി തേടി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ എത്രയും വേഗം അനുമതി നല്‍കണമെന്നാണ് കമ്ബനി അമേരിക്കന്‍ ആരോഗ്യവകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചാല്‍, ഫൈസര്‍ബയോണ്‍ടെക്, മോഡേണ എന്നീ വാക്‌സിനുകള്‍ക്ക് ശേഷം അമേരിക്ക അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാവും ഇത്.
ഒരു ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലേതടക്കം ഇതുവരെ പുറത്തിറങ്ങിയ എല്ലാ വാക്‌സിനുകള്‍ക്കും രണ്ട് ഡോസ് ആവശ്യമാണ്. ഇതോടൊപ്പം മറ്റ് വാക്‌സിനുകള്‍ പ്രത്യേക താപനിലയില്‍ പ്രത്യേകം ഫ്രീസറുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍, പുതിയ വാക്‌സിന്‍ റെഫ്രിജറേറ്റര്‍ താപനിലയില്‍ സൂക്ഷിക്കാം. ഈ രണ്ട് കാരണങ്ങളും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്.

വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിച്ച്‌ അതിന് അനുമതി നല്‍കാന്‍ ആഴ്ചകളെടുക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലെ കണ്ടെത്തലുകള്‍ പരിശോധിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. മറ്റ് രണ്ട് വാക്‌സിനുകള്‍ക്ക് 3 ആഴ്ചയാണ് സമയമെടുത്തത്. എന്നാല്‍, പുതിയ വാക്‌സിന്റെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

8 രാജ്യങ്ങളിലായി 44000 ആളുകളിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്.