ആലപ്പുഴ : ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപാസില്‍ വിള്ളല്‍ കണ്ടെത്തി. അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളല്‍. 1990-ല്‍ ബൈപാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ ശ്രദ്ധയില്‍ പെട്ടതോടെ ദേശീയപാത ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ബൈപാസിന് തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ചീഫ് എന്‍ജിനീയര്‍ എം അശോക് കുമാര്‍, ആലപ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രൊഫോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിന് മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനയ്ക്കും എത്തിയത്. സംഘം ക്രെയിന്‍ ഉപയോഗിച്ച്‌ അണ്ടര്‍പാസിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പരിശോധിച്ച ശേഷം പ്രത്യേക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ പെയിന്റ് ഇളകിയെന്നാണ് കണ്ടെത്തിയത്. എന്നാല്‍ സമാനമായ വിള്ളല്‍ പിന്നീട് പല ഭാഗങ്ങളിലും കണ്ടതോടെ ദേശീയ പാത വിദഗ്ധ സംഘം പരിശോധന നടത്തുകയായിരുന്നു.

നിലവിലെ വിള്ളലുകള്‍ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച പരിശോധിയ്ക്കുമെന്ന് പൊതുമരാമത്ത് ദേശീയപാത അധികൃതര്‍ വ്യക്തമാക്കി. ബൈപാസിന് തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപാസിന്റെ പ്രധാന ആകര്‍ഷണം.