ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന 175-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.

– ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ 350-ാം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്ബരാണ് ഭാഗ്യം കൊണ്ടുവന്നത്. ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്. അഞ്ചുവര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സൂരജ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിഞ്ഞത്. വീഡിയോയില്‍ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് സൂരജ് പറയുന്നു. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് ജോലി ചെയ്യുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകളുണ്ട്.