തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കടന്നാക്രമിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. പിണറായിക്ക് സ്വര്‍ണത്തോടും ഉമ്മന്‍ ചാണ്ടിക്ക് സോളാറിനോടുമാണ് താല്‍പര്യമെന്ന് നദ്ദ കുറ്റപ്പെടുത്തി. ഇരുമുന്നണികളും അഴിമതിയില്‍ മുങ്ങികുളിച്ചതാണെന്നും ഇതിനെല്ലാം പിന്നില്‍ സ്ത്രീകളുടെ നിഴലുണ്ടെന്നും നദ്ദ കുറ്റപ്പെടുത്തി. തൃശ്ശൂരിലെ ബിജെപിയുടെ സമ്മളേന വേദിയിലായിരുന്നു നദ്ദയുടെ വിമര്‍ശനം.

ശബരിമലയുടെ പേരില്‍ യു.ഡി.എഫ്​ മുതലക്കണ്ണീര്‍ ഒഴുക്കേണ്ടെന്നും നദ്ദ പറഞ്ഞു. അയ്യപ്പവിശ്വാസികളെ പിറകില്‍നിന്ന്​ കുത്തിയ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ കാണിക്കുന്നത്​ നാടകമാണ്​.

വിശ്വാസം ചോദ്യം ചെയ്യാന്‍ ഓര്‍ഡിനന്‍സ്​ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ്​ ഒരക്ഷരം മിണ്ടിയില്ല. ശബരിമല വിഷയത്തില്‍ രാഹുലും ഒന്നും പറഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പ്​ അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട്​ അവര്‍ക്ക്​ വേണം. അതിനായി ജനത്തെ കബളിപ്പിക്കുകയാണ്​.

സ്​ത്രീകളുടെയും അഴിമതിയുടെയും നിഴല്‍ വീണ ഭരണമാണ്​ മാറി മാറി കേരളത്തില്‍ വരുന്നത്​. ഒരു മുഖ്യമന്ത്രി സോളാറി​ന്‍െറ പിറകെ പോയപ്പോള്‍ മറ്റൊരാള്‍ സ്വര്‍ണക്കടത്തിന്​ പിറകെയായി. ഇപ്പോഴത്തെ സ്​പീക്കറും വിവാദത്തിലാണ്​. സ്​പ്രിങ്​ക്ലര്‍, ഇ​-മൊബിലിറ്റി, കെഫോണ്‍, അഴിമതികളിലൂടെയാണ്​ ഈ സര്‍ക്കാര്‍ പണമുണ്ടാക്കിയതെങ്കില്‍ പാലാരിവട്ടം പാലം വിഴുങ്ങുകയായിരുന്നു യു.ഡി.എഫ്​ മന്ത്രി ഇബ്രാഹിം കുഞ്ഞ്​.

ബംഗാളില്‍ എത്തിയാല്‍ ഇരുകൂട്ടരും കെട്ടിപ്പിടിക്കും. അധികാരം മാത്രമേ ഇരുകൂട്ടര്‍ക്കും വേണ്ടൂ. വരുന്ന തെരഞ്ഞെടുപ്പ്​ കേരളത്തില്‍ വന്‍ ചലനമാണ്​ ഉണ്ടാക്കുക. അധികാരം ഞങ്ങളെ ഏല്‍പ്പിച്ച്‌​ ഇനി അവര്‍ വിശ്രമിക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു