വാഷിംഗ്ടണ്‍:ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച്‌ അമേരിക്ക. ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് അമേരിക്കയുടെ അഭിപ്രായം. സ്വകാര്യ നിക്ഷേപവും ഇതിലൂടെ ആകര്‍ഷിക്കപ്പെടും. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബൈഡന്‍ ഭരണകൂടം അറിയിച്ചു. ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങളോടുള്ള അഭിപ്രായവ്യത്യാസം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും ബൈഡന്‍ വ്യക്തമാക്കി.

ജനാധിപത്യം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമാധാനപരമായ പ്രതിഷേധം മാത്രമെ അംഗീകരിക്കാനാവൂ.
അമേരിക്കന്‍ സര്‍ക്കാരും കാര്‍ഷിക മേഖലയിലെ പരിഷ്കാരങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്‍റെയും സ്വത്വമാണെന്നും ഇന്ത്യന്‍ സുപ്രീം കോടതി പോലും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് കാര്‍ഷിക നയമങ്ങളെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) വിശേഷിപ്പിച്ചിരുന്നു. “കാര്‍ഷിക നിയമനിര്‍മ്മാണം ഇന്ത്യയിലെ കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ്”, ഐ‌എം‌എഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെറി റൈസ് വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങളിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് കരാറുണ്ടാക്കാമെന്നും ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.