കുമരകം: വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്ത് മാലന്യപ്രശ്‌നം രൂക്ഷമാകുന്നു. കവണാറ്റിന്‍കര മുതല്‍ ചീപ്പുങ്കല്‍ വരെയുള്ള റോഡരികിലാണ് മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമായിരിക്കുന്നത്. പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ സായാഹ്ന, പുലര്‍കാല സവാരിക്കായി ഉപയോഗിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥ.

ആടുമാടുകള്‍, കോഴി, മത്സ്യം തുടങ്ങിയവയുടെ മാലിന്യങ്ങളാണ് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിച്ച്‌ ഇവിടെ തള്ളിക്കൊണ്ടിരിക്കുന്നത്. സമീപവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അസഹ്യമായ ദുര്‍ഗന്ധം ആണ് ഇത് മൂലം ഉണ്ടായികൊണ്ടിരിക്കുന്നത്.

മാലിന്യങ്ങള്‍ തിന്നുന്നതിനായി എത്തുന്ന നായ്ക്കളുടെ ശല്യവും ഈ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ തെരുവ് നായ്ക്കള്‍ അക്രമിക്കുന്ന പല സംഭവങ്ങളും മുന്‍പ് പല തവണ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ക്ക് പുറമെ ചെങ്ങളം മൂന്ന് മൂല കവല മുതല്‍ കണ്ണാടിച്ചാല്‍ ജംഗ്ഷന്‍ വരെയുള്ള കുമരകം റോഡിന്റെ ഇരുവശങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.

ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി ഈ പ്രദേശത്ത് വഴിവിളക്കുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്.