ആലപ്പുഴ: ട്രോള്‍ വീഡിയോ നിര്‍മ്മാണത്തിനായി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്, മഹാദേവി കാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്‍, ശരത് ,അനന്തു എന്നിവരുടെ ലൈസന്‍സും, വാഹനത്തിന്‍റെ ആര്‍ സി ബുക്കും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്‍റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍ പെടുകയും തൃക്കുന്നപ്പുഴയില്‍ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് ഹരിപ്പാട് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി. –

റോഡ് യാത്രികര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇവരുടെ അമിത വേഗതയിലുള്ള സഞ്ചാരത്തില്‍ നിന്നുണ്ടാകുന്നത്. രണ്ടാഴ്ച മുമ്ബാണ് സിനിമാ സ്റ്റൈലില്‍ ഇവര്‍ വയോധികനും യുവാവും സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ഇടിച്ചത്.

അമിത വേഗതയില്‍ ഇരു ചക്ര വാഹനങ്ങള്‍ ഓടിച്ച്‌ അപകടം ഉണ്ടാക്കുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും, ലൈസന്‍സ്, ആര്‍ സി ബുക്ക് എന്നിവ റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തി. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗതാഗത നിയമ ലംഘിക്കുന്നവര്‍ക്ക് ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിച്ച്‌ പിഴ ചുമത്തുന്നതിനുവേണ്ടിയാണ് അധികൃതര്‍ ചിത്രം പകര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസങ്ങള്‍ക്കു മുമ്ബ് വൈക്കത്തു നടന്ന വാഹന പരിശോധനക്കിടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ദമ്ബതികളുടെ ചിത്രം പകര്‍ത്തിയതിനെതിരെ നാട്ടുകാര്‍ സംഘടിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഏറെ നേരം കാറില്‍ തടഞ്ഞു വെച്ചിരുന്നു. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അവിടെ നിന്ന് പോകാന്‍ അനുവദിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ അവര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞതിന് നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്