ന്യൂദല്‍ഹി: ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തെ പിന്തുണച്ച്‌ സ്വീഡനിലെ പരിസ്ഥിതിവാദി ഗ്രെറ്റ തെന്‍ബര്‍ഗ് ട്വിറ്ററില്‍ നടത്തിയ ആദ്യ ട്വീറ്റിന് പിന്നിലെ ഗൂഡാലോചന തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകര്‍. ആദ്യ ട്വീറ്റിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് ചില ടൈംസ് നൗ ചാനലും റിപ്പബ്ലിക് ടിവിയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കണ്ടെത്തിയതോടെ ഗ്രെറ്റ് തെന്‍ബര്‍ഗിന് അത് പിന്‍വലിക്കേണ്ടി വന്നു. ഇപ്പോള്‍ പുതിയ ട്വീറ്റുമായി ഇറങ്ങിയിരിക്കുകയാണ് ഗ്രെറ്റ.

എങ്ങിനെയാണ് കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടതെന്ന് ഗ്രെറ്റ് തെന്‍ബര്‍ഗിന്‍റെ ആദ്യ ട്വീറ്റില്‍ വിശദമാക്കിയിരുന്നിടത്താണ് ഗൂഡാലോചന വെളിവാകുന്നത്. ‘ഇന്ത്യയുടെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിനെതിരെ(ആര്‍എസ്‌എസ്-ബിജെപി ഫാസിസ്റ്റ് ഭരണപാര്‍ട്ടിയുടെ) നിലകൊള്ളൂ, കാര്‍ഷികമേഖലയുടെ അനിയന്ത്രിതമായ കോര്‍പറേറ്റ്‌വല്‍ക്കരണത്തിനെതിരെ നിലകൊള്ളൂ’ എന്നായിരുന്നു ഗ്രെറ്റയുടെ ആദ്യ ട്വീറ്റിലെ രണ്ട് സുപ്രധാന മുദ്രാവാക്യങ്ങള്‍.

ലോകത്തിലെ ജനങ്ങളെയും ഭൂമിയെയും സംസ്‌കാരത്തെയും ചൂഷണം ചെയ്ത് മോദി ഭരണവുമായി കൈകോര്‍ത്ത് കോടിപതികളായ മുകേഷ് അംബാനിയും അദാനിയും സ്വത്ത് സമ്ബാദിച്ചുകൂട്ടുകയാണെന്ന് ആദ്യ ട്വീറ്റ് ആരോപിക്കുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഇവരുടെ ഓഫീസുകള്‍ക്ക് മുമ്പിലും ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പിലും പ്രദേശിക സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പിലും സമരം ചെയ്യാനും ഗ്രെറ്റ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രതിപക്ഷരാഷ്ട്രീയപ്പാര്‍ട്ടികളുടെ അതേ അജണ്ടയാണ് ഗ്രെറ്റയുടെ ട്വീറ്റിലും ഉള്ളതെന്നര്‍ത്ഥം.

ഒപ്പം ഇന്ത്യയെ മനുഷ്യാവകാശലംഘനങ്ങളുടെ സുദീര്‍ഘ ചരിത്രമുള്ള നാടായാണ് ഗ്രെറ്റ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ കടുത്ത അക്രമത്തിന്‍റെയും ജനങ്ങളോടുള്ള ക്രൂരമായ അവഗണനയുടെയും നാടാണെന്നും ഗ്രെറ്റ് കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും ഗ്രെറ്റ ആഹ്വാനം ചെയ്യുന്നു. ഇവിടെയാണ് ഇന്ത്യയ്ക്കെതിരായ ഒരു വലിയ അന്താരാഷ്ട്ര ഗൂഡാലോചനയുടെ ആസൂത്രണം തെളിയുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കര്‍ഷകസമരാനുകൂലികള്‍ നടത്തിയ അതിക്രമത്തെക്കുറിച്ച്‌ ഗ്രെറ്റ തെന്‍ബര്‍ഗിന് അറിവുണ്ടായിരുന്നുവെന്നതിന്‍റെ സൂചനകളും അവരുടെ സുദീര്‍ഘമായ ട്വീറ്റില്‍ ഉണ്ടെന്ന് പറയുന്നു. എന്തുകൊണ്ടാണ് ഗ്രെറ്റ് ആദ്യ ട്വീറ്റ് പിന്‍വലിച്ചതെന്നത് വിശദീകരിക്കണമെന്ന് ആപ് എംഎല്‍എ അതീഷി ആവശ്യപ്പെട്ടു.

ആഗോള കര്‍ഷകരുടെ സമരം- ആദ്യതരംഗം എന്ന തലക്കെട്ടില്‍ ഗ്രെറ്റ പങ്കുവെച്ച വിവരങ്ങളില്‍ ജനവരി 26ന് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ഒന്നുകില്‍ അന്ന് നടക്കുന്ന സമരം കാണുക, അതല്ലെങ്കില്‍ അതില്‍ പങ്കെടുക്കുക- ഇതാണ് ഗ്രെറ്റ നല്‍കുന്ന ഉപദേശം. ജനവരി 26ന്‍റെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ അംബാനി-അദാനി ഓഫീസുകള്‍ക്ക് മുമ്പിലും ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്ബിലും പ്രദേശിക സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പിലും സമരം ചെയ്യാനും ഗ്രെറ്റ ഈ ട്വീറ്റില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ഈ സമരം അടുത്തെങ്ങും അവസാനിക്കാന്‍ പോകുന്നില്ലെന്നുള്ള ഗ്രെറ്റയുടെ പരാമര്‍ശവും കര്‍ഷകസമരം ദീര്‍ഘിപ്പിക്കുന്നതിന് പിന്നിലെ അന്താരാഷ്ട്ര ഗൂഡാലോചന വെളിവാകുന്നുണ്ട്.

ആദ്യട്വീറ്റിനെതിരെ ഇന്ത്യയിലെ മാധ്യമങ്ങള്‍ ആഞ്ഞടിച്ചതോടെ അത് പിന്‍വലിച്ചിരിക്കുകയാണ് ഗ്രെറ്റ. റിപ്പബ്ലിക് ദിനത്തിലെ വിവാദ സമരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ് പുതിയ ട്വീറ്റില്‍.