കണ്ണൂ‍ര്‍: കെഎം ഷാജി എംഎല്‍എയെ വധിക്കാന്‍ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം തുടരുകയാണെന്ന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര.

പരാതി ലഭിച്ചതിന് പിന്നാലെ തന്നെ എംഎല്‍എയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എംഎല്‍എയെ വധിക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോര്‍ന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച്‌ ഗൂഗിളില്‍ നിന്നും വിവരം തേടുമെന്നും എസ്.പി വ്യക്തമാക്കി.

ഈ കേസ് തുടക്കം മുതല്‍ തന്നെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കണ്ണൂ‍ര്‍ ഡിവൈഎസ്പി സദാനദന്‍്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍്റെ പുരോ​ഗതി എല്ലാ ദിവസവും താന്‍ നേരിട്ട് വിലയിരുത്തുന്നുമുണ്ട്.
സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഇതുവരേയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

വ്യക്തമാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയില്‍ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളില്‍ നിന്നും വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.