തിരുവനന്തപുരം: പരീക്ഷാ ഭവന്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സാമൂഹമാധ്യമങ്ങള്‍ വഴി വന്‍ തോതില്‍ തട്ടിപ്പ് നടന്നു എന്ന വിവരമാണ് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നത്.
വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിനായി സംഘം ആവശ്യപ്പെട്ടത് പതിനാറായിരം രൂപയാണ്. രണ്ടെണ്ണം മുപ്പതിനായിരം രൂപയ്ക്ക് നല്‍കാമെന്നും വാഗ്ദാനമുണ്ടായി. കോഴ്‌സുകളെ കുറിച്ച് ഫേസ്ബുക്കില്‍ പരസ്യം ചെയ്ത ശേഷമാണ് തട്ടിപ്പ്.
നേരത്തെ, കേസില്‍ അവിനാശ് റോയ് ശര്‍മ്മ എന്നയാള്‍ അറസ്റ്റിലായിരുന്നു. 40ലധികം പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും പേരില്‍ വെബ്‌സൈറ്റുണ്ടാക്കിയാണ് അവിനാശ് തട്ടിപ്പ് നടത്തിയത്.
പരീക്ഷാ ഭവന്‍റെ പേരിലാണ് ഏറ്റവുമധികം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. കുസാറ്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അസം പരീക്ഷ ബോര്‍ഡ് ഉള്‍പ്പെടെ നാല്‍പതോളം ബോര്‍ഡുകളുടെയും സര്‍വ്വകലാശാലകളുടെയും പേരില്‍ വ്യാജ സൈറ്റുണ്ടാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇങ്ങനെ 22 സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടന്നു.
ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി ഡല്‍ഹി സര്‍വകലാശാലയില്‍ അഡ്മിഷന് സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിലെ സംശയങ്ങളാണ് ദുരൂഹതയുടെ തുടക്കം. കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് സ്‌കൂളില്‍ നിന്ന് പ്ലസ് ടു പാസായ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥി ഹാജരാക്കിയത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വ്വകലാശാല അധികൃതര്‍ കേരളത്തിലെ പരീക്ഷാ ഭവനില്‍ നിന്ന് വ്യക്തത തേടുകയായിരുന്നു. ഇതടക്കമുള്ള കേസുകളില്‍ ഇടനിലക്കാരെ കുറിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.