തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും ജില്ലാ ഭരണകൂടങ്ങളുടെ കണക്കുകളും തമ്മില്‍ വന്‍ പൊരുത്തക്കേട്. മലപ്പുറത്ത് കൊവിഡ് ബാധിച്ച്‌ 217 പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം പറയുമ്പോള്‍ സര്‍ക്കാര്‍ കണക്കില്‍ 129 മാത്രമേയുള്ളൂ. വയനാട്ടില്‍ രണ്ടു കണക്കും തമ്മിലുള്ള വ്യത്യാസം 32 ആണ്.

കൊവിഡ് മരണങ്ങളെ സര്‍ക്കാര്‍ വ്യാപകമായി ഒഴിവാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളിലെ അന്തരമെന്നാണ് ഉയരുന്ന വിമര്‍ശനം. ജില്ലാ കളക്ടറുടെ അറിയിപ്പ് പ്രകാരം മലപ്പുറത്ത് 217 പേര്‍ ഇതുവരെ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചതായാണ് കണക്ക്. എന്നാല്‍, ആരോഗ്യ വകുപ്പിന്റെ പട്ടികയിലിത് 129 മാത്രമാണ്.

പട്ടിക തിരുവനന്തപുരത്തെത്തിയപ്പോള്‍ 88 മരണങ്ങള്‍ അപ്രത്യക്ഷമായി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കൊവിഡ് കണക്ക് പ്രകാരം ജില്ലയില്‍ മൊത്തം മരിച്ചത് 79 പേരാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഇത് ഒമ്പത് മാത്രം. വയനാട്ടിലാണ് മറ്റൊരു വലിയ അന്തരം. 42 പേര്‍ ചികിത്സയിലിരിക്കെ മരിച്ചതായി ജില്ലാ കളക്ടറുടെ അറിയിപ്പ്. എന്നാല്‍, സര്‍ക്കാര്‍ കണക്കില്‍ ഔദ്യോഗിക മരണങ്ങള്‍ 10 മാത്രം. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, എറണാകുളം ജില്ലകളില്‍ കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കിലും കാര്യമായ അന്തരമില്ല. ജില്ലാ കണക്കും ഔദ്യോഗിക കണക്കും തമ്മിലുള്ള വ്യത്യാസം പത്തില്‍ താഴെയാണ്.