മുംബയ്: കര്‍ഷക സമരത്തെ പിന്തുണച്ച്‌ അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തതാണെന്നും, ദേശശക്തികള്‍ക്ക് കണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ലെനന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.

 

 

പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് തുടങ്ങിയവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച്‌ രംഗത്തെത്തിയത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ സമരം ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് കര്‍ഷക പ്രതിഷേധത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ അപലപിച്ച്‌ വിദേശകാര്യമന്ത്രാലയം പ്രസ്‌താവന ഇറക്കി.

‘ഇന്ത്യ ഒരുമിച്ച്‌’, ‘ഇന്ത്യക്കെതിരായ പ്രചാരണം’ തുടങ്ങി ഹാഷ്ടാഗുകളുമായി കേന്ദ്ര മന്ത്രിമാര്‍ ഒന്നടങ്കം ട്വിറ്ററില്‍ രംഗത്തെത്തി. അക്ഷയ് കുമാര്‍, അജയ് ദേവ്‌ഗണ്‍, കരണ്‍ ജോഹര്‍, അനുപം ഖേര്‍, സുനില്‍ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്.