അസമില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 140ല്‍പരം ആളുകളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും പ​ങ്കെടുത്ത ചടങ്ങിനെത്തിയവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത കങ്​ബുറാ ദേ എന്ന യുവാവ് ചൊവ്വാഴ്​ച രാത്രിയോടെ​ മരണപ്പെട്ടു​. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം​.

കര്‍ബി അംഗ്ലോങ്​ ജില്ലയിലെ ദിഫു മെഡിക്കല്‍ കോളേജ്​ ആശുപത്രിയില്‍ ചൊവ്വാഴ്​ച ആദ്യ അക്കാദമിക സെഷന്‍റെ ഉല്‍ഘാടന ചടങ്ങിനെത്തിയവര്‍ക്ക്​ വിതരണം ചെയ്​ത ഭക്ഷണം കഴിച്ചവര്‍ക്കാണ്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്​.ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്​ 145ഓളം ആളുകളെ ദിഫു​ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പിന്നീട്​ 28 പേര്‍ ആശുപത്രി വിട്ടു. സംഭവത്തില്‍ കര്‍ബി ജില്ല ഭരണകൂടം അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.