തിരുവനന്തപുരം: കൊവിഡ്19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. കൊവിഡ്19 മഹാമാരി കാലയളവില്‍ മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നടത്തിയ ശാസ്ത്രീയ ഇടപെടലുകള്‍ ഫലം കൈവരിച്ചു എന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.