ഹൈദരാബാദ്: കുഞ്ഞുമായി നില്‍ക്കുന്ന യുവതിയെ ഓടിച്ചിട്ട് യുവാവ്​ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്​. ഹൈദരാബാദ്​ മീര്‍പേട്ട്​ ഹസ്തിനപുരത്തെ ടീച്ചേഴ്​സ്​ കോളനിയിലാണ്​ സംഭവം. യുവതിയെ ക്രൂരമായി ആക്രമിച്ച രാഹുല്‍ ഗൗഡയെ പിന്നീട്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഗുരുതരമായി പരിക്കേറ്റ വിമല എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ കുഞ്ഞിനെയും എടുത്ത് അയല്‍വാസിയുമായി സംസാരിച്ച്‌ നില്‍ക്കുകയായിരുന്ന വിമലയെ സ്‌കൂട്ടറിലെത്തിയ രാഹുല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കോടാലിയുമായി രാഹുല്‍ ഓടിവരുന്നത് കണ്ട യുവതി കുഞ്ഞുമായി വീടിനകത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്ന് വെട്ടുന്നത്​ വിഡിയോയില്‍ കാണാം. വീടിനുള്ളില്‍ നിന്ന്​ ആളുകള്‍ വരുന്നത്​ കണ്ട്​ പിന്തിരിഞ്ഞ്​ പുറത്തെത്തി രാഹുല്‍ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു.

സ്​കൂട്ടറില്‍ കയറുന്നതിന്​ മുമ്ബ്​ സംഭവസ്​ഥലത്തേക്ക്​ എത്തുന്ന സ്​ത്രീയെ വെട്ടാന്‍ ഓങ്ങുന്നതും വിഡിയോയിലുണ്ട്​. രാഹുല്‍ നിരന്തരം ശല്യപ്പെടുത്തുന്നതായി വിമല നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ രാഹുല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിമലയെ ആക്രമിക്കുകയായിരുന്നെന്ന്​ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാഹുലിന്‍റെ രണ്ട്​ സഹായികളെയും പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.