തിരുവനന്തപുരം: രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റിനിര്‍ത്താന്‍ സി പി എം തീരുമാനിച്ചാല്‍ ഇത്തവണ പലര്‍ക്കും തിരഞ്ഞെടുപ്പ് ഗോദയില്‍ അങ്കത്തിനിറങ്ങാനാകില്ല. അങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഒരു പട തന്നെ ഇത്തവണ സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച്‌ വിജയിച്ചത് പോലെ പുതുമുഖങ്ങളെ അണിനിരത്തി കേരളം പിടിക്കാനാകും സി പി എം ലക്ഷ്യമിടുക.

അതേസമയം, രണ്ടുടേം മത്സരിച്ചു ജയിച്ച സാമാജികരെ പൂര്‍ണമായും ഒഴിവാക്കി ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. തുടര്‍ഭരണം ലക്ഷ്യമിട്ടുളള പോരാട്ടത്തില്‍ അനിവാര്യരായവരെ മാറ്റി നിര്‍ത്തേണ്ടയെന്നാണ് സി പി എം തീരുമാനം. തുടര്‍ച്ചയായി നാലുവട്ടം മലമ്ബുഴയില്‍ നിന്നും വിജയിച്ച വി എസ് അച്ചുതാനന്ദന്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നുറപ്പാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വി എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമുണ്ടാകില്ല.

മന്ത്രിമാരില്‍ എ കെ ബാലന്‍, ജി സുധാകരന്‍, തോമസ് ഐസക്ക്, ഇ പി ജയരാജന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ രണ്ടും അതില്‍ കൂടുതല്‍ ടേമും പൂര്‍ത്തിയാക്കിയവരാണ്. നിബന്ധന പാലിക്കുകയാണെങ്കില്‍ ആറ്റിങ്ങലില്‍ ബി സത്യന്‍, കൊട്ടാരക്കരയില്‍ ഐഷ പോറ്റി, ചാലക്കൂടിയില്‍ ബി ഡി ദേവസി, ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടി, പയ്യന്നൂരില്‍ സി കൃഷ്‌ണന്‍, കൊയിലാണ്ടിയില്‍ കെ ദാസന്‍, കല്യാശേരിയില്‍ ടി വി രാജേഷ്, തളിപറമ്ബില്‍ ജയിംസ് മാത്യൂ, ഉദുമയില്‍ കെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്ക് ഇക്കുറി മത്സരിക്കാനാകില്ല.

മാവേലിക്കരയില്‍ ആര്‍ രാജേഷ്, റാന്നിയില്‍ രാജു ഏബ്രഹാം, ദേവികുളത്ത് എസ് രാജേന്ദ്രന്‍, വൈപ്പിനില്‍ എസ് ശര്‍മ്മ, ഗുരുവായൂര്‍ കെ വി അബ്‌ദുള്‍ ഖാദര്‍, പൊന്നാനിയില്‍ പി ശ്രീരാമകൃഷ്‌ണന്‍, കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ എന്നിവര്‍ രണ്ടോ അതിലധികമോ ടേമുകളായി വിജയിക്കുന്നുണ്ടെങ്കിലും പ്രാദേശികസാഹചര്യം കൂടി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഇളവ് ലഭിക്കും.