കോട്ടയം: ജില്ല പൊലീസ് മേധാവിയായും വനിത എത്തിയതോടെ ജില്ലയുടെ ഭരണതലപ്പത്ത് സ്ത്രീത്തിളക്കം. കലക്ടര്‍ക്കും ജില്ല പഞ്ചായത്ത് പ്രസിഡന്റിനും ഒപ്പമാണ് ജില്ല പൊലീസ് മേധാവിയും വനിതയായത്. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് വനിത ഉദ്യോഗസ്ഥ പൊലീസ് മേധാവിയായെത്തുന്നത്.
പരിശീലനകാലയളവില്‍ ഒന്നിലേറെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സേവനം ചെയ്തിട്ടുണ്ടെങ്കിലും അമരത്ത് എത്തുന്നത് ഇതാദ്യമാണ്. 2016 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ശില്പ ബംഗളൂരു സ്വദേശിയാണ്. കാസര്‍കോടുനിന്നാണ് ഡി. ശില്പ ജില്ല പൊലീസ് മേധാവിയായി കോട്ടയത്ത് എത്തുന്നത്. ജില്ല പൊലീസ് മേധാവിയായിരുന്ന ജി. ജയദേവിനെ ആലപ്പുഴയിലേക്ക് മാറ്റിയിരുന്നു.
ഇതോടെ, അപൂര്‍വ ഭരണനേതൃത്വത്തിന് സാക്ഷ്യം വഹിക്കുകയാണ് ജില്ല. ഭരണചക്രം പൂര്‍ണമായി വനിത കരങ്ങളിലാകും. കലക്ടര്‍ എം. അഞ്ജനയാകും ഇവരെയെല്ലാം നയിക്കുക. കലക്ടര്‍ക്ക് പുറമേ, ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ലയിലെ പല വകുപ്പുകളുടെയും മേധാവികളും വനിതകളാണ്.
ഡിസംബറിലാണ് നിര്‍മല ജിമ്മി ജില്ല പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റെടുത്തത്. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനും വനിത നേതൃത്വത്തിനു കരുത്തുപകരുന്നു. ജില്ലയിലെ ആറു നഗരസഭകളില്‍ പാലായില്‍ ഒഴികെ അഞ്ചിടത്തും വനിതകള്‍ക്കാണ് ഭരണസാരഥ്യം. ഏറ്റുമാനൂരില്‍ ലൗലി ജോര്‍ജും ചങ്ങനാശ്ശേരിയില്‍ സന്ധ്യ മനോജും വൈക്കത്ത് രേണുക രതീഷും ഈരാറ്റുപേട്ടയില്‍ സുഹ്റ അബ്ദുല്ഖാദറുമാണ് ചെയര്പേഴ്സന്മാര്.
എ.ഡി.എമ്മും വനിത
കോട്ടയം: അഡീഷനല്‍ ജില്ല മജിസ്ട്രേറ്റായി ആശ സി. എബ്രഹാം ചുമതലയേറ്റു. ആലപ്പുഴ ജില്ലയില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറായിരുന്നു.