ഡല്‍ഹി: മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കിയെങ്കിലും രാജ്യവ്യാപകമായി നിയമം നടപ്പാക്കാന്‍ ആലോചനയില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

ബിജെപി ഭരിക്കുന്ന യുപിയിലും മദ്ധ്യപ്രദേശിലും നിയമം നടപ്പാക്കിയിരുന്നു. ബിജെപി ഭരണത്തിലുള്ള കര്‍ണാടക, ഹരിയാന, അസം സംസ്ഥാനങ്ങളും നിയമം നടപ്പാക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരാണ് മതപരിവര്‍ത്തന നിയമത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട തടങ്കല്‍, അന്വേഷണം, വിചാരണ എന്നിവ സംസ്ഥാന സര്‍ക്കാറുകളുടെ അധീനതയില്‍ പെട്ട കാര്യമാണെന്നായിരുന്നു മറുപടി.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതു ഉത്തരവും പോലീസും സംസ്ഥാനങ്ങളുടെ അധികാര പരിധിയാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിലവിലുള്ള നിയമം അനുസരിച്ച്‌ നടപടിയെടുക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നാണ് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി നല്‍കിയ മറുപടി. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിയ്ക്കുന്നതാണോ മതപരിവര്‍ത്തനം നിരോധനത്തിന് അടിസ്ഥാനം, മതപരിവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു എംപിമാരുടെ ചോദ്യം.