കൊച്ചി : ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന് പങ്കുള്ളതായി വിവാദ പരാമര്‍ശത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന് നോട്ടീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മുതിര്‍ന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനും കുരുക്ഷേത്ര ബുക്‌സ് എംഡി യുമായിരുന്ന ഇ.എന്‍ .നന്ദകുമാറാണ് വക്കീല്‍ നോട്ടീസയച്ചത്.

വിഷയത്തില്‍ മന്ത്രി നിരുപാധികം മാപ്പു പറയണം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് മന്ത്രി ആര്‍എസ്‌എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

മതഭ്രാന്ത് മനുഷ്യരൂപം പൂണ്ടെത്തിയ ആര്‍എസ്‌എസ് കാപാലികന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച മഹാത്മാഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തില്‍, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ എഫ്ബി പോസ്റ്റ്.