കല്‍പ്പറ്റ : ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. ശബരിമലയെക്കുറിച്ച്‌ ഇരുപാര്‍ട്ടികളും ഇപ്പോള്‍ മിണ്ടുന്നില്ല. ശബരിമല സ്ത്രീപ്രവേശനം ഭക്തര്‍ക്ക് മുറിവുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പറയുമോ ?. മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി വേഗത്തിലാക്കുമോ ?. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

ഐശ്വര്യകേരള യാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമല വിഷയം നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായി ഉന്നയിക്കാനാണ് യുഡിഎഫ് തീരുമാനം. ശബരിമലയില്‍ പഴയ നിലപാട് തിരുത്തി, പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിശ്വാസികളുടെ താല്‍പ്പര്യം അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.