കൊല്ലം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചൈസിക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത് വിവാദമായി.

ചോദ്യം ഇങ്ങനെ: യേശുക്രിസ്തുവിന്റെ വരവിനു ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം?

എ. ബ്രഹ്മാവ്, ബി. വിഷ്ണു, സി. മഹേശ്വരന്‍, ഇ. ഇന്ദ്രന്‍.

രണ്ടുവര്‍ഷത്തിന് മുന്‍പ് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയാണിത്. കെല്‍ട്രോണിന്റെ കടപ്പാക്കട ടൗണ്‍ അതിര്‍ത്തിയിലുള്ള കൊല്ലത്തെ സബ് സെന്ററില്‍ വച്ചാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത്.ഈ പരീക്ഷയിലാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയുള്ള ചോദ്യം.

കെല്‍ട്രോണിന്റെ തിരുവനന്തപുരത്തെ ഹെഡ്‌ഓഫീസാണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്നാണ് കൊല്ലം യൂണിറ്റില്‍ നിന്നുള്ള പ്രതികരണം. ഏഷ്യന്‍ ഇന്ത്യന്‍ ഹിസ്റ്ററിയിലെ വേദിക് കള്‍ച്ചറല്‍ ടോപിക്കില്‍ നിന്നുള്ള ചോദ്യമാണെന്ന് തിരുവനന്തപുരത്തെ പരീക്ഷ സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ചോദ്യം വന്നതില്‍ കടുത്ത പ്രതിഷേധത്തോടെയാണ് പരീക്ഷ എഴുതാന്‍ വന്നവര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങിയത്. ചോദ്യപേപ്പര്‍ തയാറാക്കിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.