ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുളള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കാന്‍ തീരുമാനം. അഞ്ച് മണിക്കൂര്‍ സമയമാണ് പ്രതിപക്ഷത്തിന് കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാനായി രാജ്യസഭയില്‍ അനുവദിച്ചത്. പത്ത് മണിക്കൂര്‍ നിശ്ചയിച്ച ചര്‍ച്ച പതിനഞ്ച് മണിക്കൂറാക്കി നീട്ടികയായിരുന്നു. ചര്‍ച്ച പാര്‍ലമെന്റില്‍ തുടരുകയാണ്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടാനാണ് കാര്‍ഷിക നിയമം എന്നാണ് ബി ജെ പി അംഗങ്ങള്‍ സഭയില്‍ പറയുന്നത്.

ശശി തരൂരിനും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തതില്‍ രാജ്യസഭയില്‍ പ്രതിഷേധം അരങ്ങേറി. നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭയില്‍ എം പിമാര്‍ക്കെതിരെ നടപടിയെടുത്തു. എ എ പി എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എ എ പി എം പിമാരെയാണ് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തത്

അതിനിടെ, കര്‍ഷക സമരം സഭ നടപടി നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രേമചന്ദ്രന്റെ നീക്കം.