തിരുവനന്തപുരം: ദീര്‍ഘനാളായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. പാര്‍ലമെന്ററികാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് അദ്ദേഹത്തിന്റെ നിയമനം.
1991 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജുനാരായണ സ്വാമി. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് നാളികേര വികസന ബോര്‍ഡിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2019 മാര്‍ച്ചില്‍ രാജുനാരായണ സ്വാമിയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു.
ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിച്ചതായും സേവനത്തില്‍ നിന്ന് വിടുതല്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കാന്‍ രാജുനാരായണസ്വാമി തയാറായില്ല.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് ഉള്ളതിനാലാണ് സര്‍വീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നായിരുന്നു രാജുനാരായണ സ്വാമിയുടെ വാദം. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ തീര്‍ന്നതിനാലാണ് അദ്ദേഹം സര്‍വീസിലേക്കു മടങ്ങിവരുന്നത്.