തിരുവനന്തപുരം : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സൗജന്യ ചികിത്സ പുനസ്ഥാപിക്കുക, ചികിത്സാ നിരക്ക് വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജീവനക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ മാനേജ്മെന്‍റ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന ആരോപണവുമുണ്ട്.

സ്റ്റാഫ് യൂണിയന്‍റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ അനിശ്ചിതകാല സമരം. രോഗികള്‍ക്ക് കുറച്ച്‌ കാലം മുമ്പ്‌ വരെ സൌജന്യ ചികിത്സയടക്കം ഉണ്ടായിരുന്നു. അത് നിര്‍ത്തലാക്കുകയും ഒപ്പം ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. രോഗികളെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം ജീവനക്കാരെയും ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്മെന്‍റിന്.

എല്ലാ വിഭാഗത്തിലെ ജീവനക്കാര്‍ക്കും സീനിയോറിറ്റി പ്രമോഷന്‍ നല്‍കുക, നഴ്സിങ് ജീവനക്കാരുടെ എസ്.എസ്.സി. ഇന്‍റര്‍വ്യൂ ഉടന്‍ നടത്തുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നു.