തിരുവനന്തപുരം :ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും. രാജ് ഭവനു മുന്നിലെ നിരാഹാര സമരം ഐ എം എ ദേശീയ പ്രസിഡന്‍റ് ഡോ ജയലാല്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് സമരം. തിരുമാനത്തിനെതിരെ വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളിലും ഐഎംഎ സമരം സംഘടിപ്പിക്കുകയാണ്.രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര അനുമതി നല്‍കുന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്.
ജനറല്‍ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇഎന്‍ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്. ഇതിനെതിരെ തുടക്കം മുതല്‍ ഐഎംഎ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.