തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നാളെ കേരളത്തില്‍. ഫെബ്രുവരി മൂന്ന്, നാല് തിയതികളിലാണ് നദ്ദയുടെ കേരള സന്ദര്‍ശനം. പാര്‍ട്ടിയോഗങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പാര്‍ട്ടി മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുക്കും. നാലിന് തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും നദ്ദ പങ്കെടുക്കും.

നിയമസഭ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുകാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നദ്ദ പങ്കെടുക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നദ്ദ തുടക്കം കുറിക്കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച്ച നടത്തും.

ബുധനാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരില്‍ ബിജെപിയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. എന്‍ഡിഎ മുന്നണിയിലെ ഘടക കക്ഷി നേതാക്കളുമായും നദ്ദ ആശയ വിനിമയം നടത്തും.

കേരളത്തിലെത്തുന്ന നദ്ദ സംസ്ഥാന ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളിലും ചര്‍ച്ച നടത്തും. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. ശോഭ സുരേന്ദ്രന്‍ കഴിഞ്ഞദിവസം ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ശോഭയുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം.

കഴിഞ്ഞദിവസം പുതുച്ചേരിയില്‍ എത്തിയ നദ്ദ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ പൊതുയോഗത്തില്‍ സംസാരിച്ചു. പുതുച്ചേരിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും ബിജെപി വന്‍ ഭൂരിപക്ഷം നേടുമെന്നും നദ്ദ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 ല്‍ 23 സീറ്റുകളും ബിജെപി സ്വന്തമാക്കും. വികസനം മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാരാകും ഇനി കേന്ദ്രഭരണ പ്രദേശത്ത് അധികാരത്തിലേറുക. പുതുച്ചേരിയെ അഴിമതി മുക്തമാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ കേണ്‍ഗ്രസ് ഭരണം പുതുച്ചേരിയെ കടുത്ത കടക്കെണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. 76 ശതമാനത്തോളം യുവാക്കള്‍ ഇന്നും തൊഴില്‍ രഹിതരാണ്. സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി വേതനം ലഭിക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി.