മലപ്പുറം:പാണക്കാട് പ്രസ്താവന സിപിഎമ്മിന് തിരിച്ചടിയായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ നടത്തിയത് ഒറ്റതിരിഞ്ഞുള്ള പ്രസ്താവനയല്ലെന്നും, സി പി എം വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലീങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ശബരിമല വിധി തന്നെ സര്‍ക്കാറിന്റെ നിലപാടിനെ തുടര്‍ന്നല്ലേ ഉണ്ടായത്, സത്യവാങ്മൂലം തിരുത്താന്‍ കഴിയുമോയെന്നാണ് വ്യക്തമാക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.ബി ജെ പിക്ക് ഇക്കാര്യത്തില്‍ കപട മുഖമാണ് ഉള്ളതെന്നും, താനടക്കമുള്ള ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.