ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി കടലാസ് രഹിത ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴിതാ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ പരിഗണന നല്‍കിയത് എടുത്തുകാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ​യുടെ സ്​പെഷ്യല്‍ ട്വീറ്റ്. മലയാളം, തമിഴ്​, ബംഗാളി, അസമീസ്​ ഭാഷകളില്‍ അമിത്​ ഷാ പങ്കുവച്ച ട്വീറ്റ്​ ശ്രദ്ധ നേടുന്നു.

മലയാളത്തില്‍ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തതിങ്ങനെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിന്‍റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റില്‍ വകയിരുത്തിയിരുന്നു. ​1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക്​ 1,957 കോടിയുടെ സഹായം നല്‍കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ 11.5 കിലോ മീറ്റര്‍ ദൂരം നീട്ടുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി