നടി വിജയലക്ഷ്മിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് പ്രദീപ് കൊലക്കേസില്‍ അറസ്റ്റിലായതിന്‍്റെ അപമാനത്താലാണ് വിജയലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. വില കൂടിയ ബൈക്കിലായിരുന്നു പ്രദീപ് സഞ്ചരിച്ചിരുന്നത്. ധനികനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രദീപ് വിജയലക്ഷ്മിയെ വളച്ചെടുത്തത്.

ബന്ധത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും നടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തികൊടുക്കുകയായിരുന്നു. വിവാഹശേഷമാണ് ഭര്‍ത്താവ് ഒരു മോഷ്ടാവ് ആണെന്ന സത്യം വിജയലക്ഷ്മി തിരിച്ചറിയുന്നത്. മോഷ്ടാവാണ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ ഉള്ളതിന്റെ പേരില്‍ എല്ലാം സഹിച്ച്‌ ജീവിക്കുകയായിരുന്നു വിജയലക്ഷ്മി. ഒടുവില്‍ ഭര്‍ത്താവ് ഉള്‍പ്പെട്ട ബെഗളൂരു കൊലപാതക കേസില്‍ പ്രതിയാകുമെന്ന് ഭയന്നാണ് ആത്മഹത്യ.

സിനിമയില്‍ ഉണ്ണിയാര്‍ച്ച എന്നറിയപ്പെട്ടിരുന്ന വിജയലക്ഷ്മി ജയറാം ചിത്രം പട്ടാഭിരാമനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ ജസീക്ക എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്. കൂടാതെ ഏതാനും ചിത്രങ്ങളില്‍ വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 29ന് ബൊമ്മനഹള്ളി പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ വിജയലക്ഷ്മി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിജയലക്ഷ്മിയെ മരണച്ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.