ന്യൂദല്‍ഹി: ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ പണം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നന്ദി അറിയിച്ച്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ‘പ്രതിരോധ മൂലധനത്തില്‍ 19 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇങ്ങനെ ഏ‌റ്റവുമധികം തുക വകയിരുത്തിയത് ഈ വര്‍ഷമാണ്.’ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വി‌റ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ സാമ്ബത്തിക പരിഷ്‌കരണത്തിനും തൊഴിലുകള്‍ സൃഷ്‌ടിക്കുന്നതിനും മൂലധന രൂപീകരണത്തിനും ബജറ്റ് കാരണമാകുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 4.78 ലക്ഷം കോടി രൂപയാണ് പ്രതിരോധ മന്ത്രാലയത്തിന് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 1.35 ലക്ഷംകോടി മൂലധന ചിലവുകള്‍ക്കാണ്.

കൊവിഡാനന്തരം ഒരു പുതിയ ലോകക്രമം ഉണ്ടാകുകയാണെന്നും ഇന്ത്യയ്‌ക്ക് അതില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അഭിപ്രായപ്പെട്ടു.ഏവര്‍ക്കും വേണ്ടിയുള‌ളതാണ് ഈ ബജറ്റെന്നും ഗ്രാമീണ ഇന്ത്യയെയും കര്‍ഷകനെയും മനസില്‍ കരുതിക്കൊണ്ടാണ് ഇത് തയ്യാറാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.