തിരുവനന്തപുരം: ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് ജയനാഥ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സേനാ അംഗങ്ങളുടെ വിന്യാസത്തില്‍ ഡിജിപിയുടെ ഉത്തരവ് ലംഘിക്കാന്‍ ഡിഐജി പി പ്രകാശ് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

സേന അംഗങ്ങള്‍ക്ക് പണം നല്‍കിയില്ലെന്ന് വിമര്‍ശിച്ചുള്ള മുന്‍ കത്തിന് ചോദിച്ച വിശദീകരണത്തിലാണ് ഡിഐജിയെ വീണ്ടും കുറ്റപ്പെടുത്തുന്നത്.

ഡിഐജി മുതല്‍ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തുടര്‍ച്ചയായി വിമര്‍ശിച്ചാണ് ജയനാഥന്‍ കത്ത് നല്‍കുന്നത്. തദ്ദേശ തെര‍ഞ്ഞെടുപ്പില്‍ ആസൂത്രണമില്ലാതെ സേന വിന്യാസം നടത്തി. പൊലീസുകാര്‍ക്ക് പണവും വാഹനങ്ങളുമൊന്നും നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു ജയനാഥന്റെ പഴയ കത്ത്.

ആരോപണങ്ങള്‍ തള്ളി വിശദീകരണം ചോദിച്ച ഡിഐജി പ്രകാശിനെ തന്നെ വീണ്ടും വിമര്‍ശിച്ചാണ് ജയനാഥിന്‍്റെ മറുപടി. ഡിജിപിയുടെ ഉത്തരവ് പ്രകാരമേ പൊലീസുകാരെ പുനര്‍വിന്യസിക്കാവൂ എന്ന ചട്ടം ലംഘിക്കാന്‍ ഡിഐജി പി പ്രകാശ് തന്നോട് പലതവണ ആവശ്യപ്പെട്ടു എന്നാണ് ജയനാഥന്‍റെ ആരോപണം.