ലോക്ഡൗണ്‍ കാലയളവില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ബോധവത്കരണവും നടപടികളുമായി മുന്നിട്ട് നില്‍ക്കുകയാണ് കേരള പോലീസ്. ഇന്റര്‍പോളിന്‍റെ സഹായത്തോടെ നടക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വലിയ തോതില്‍ പോലീസിന് നിയന്ത്രിക്കാനായി. സൈബര്‍ ഇടങ്ങളില്‍ കുട്ടികളുടെ ഇടപെടലുകള്‍ അതിരുവിടാതിരിക്കാന്‍ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി മുന്നറിയിപ്പ് നല്‍കി.

പഠനമടക്കം എല്ലാം ഓണ്‍ലൈനായപ്പോള്‍ കുഞ്ഞുങ്ങള്‍ സൈബര്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നതും വര്‍​ദ്ധിച്ചു. പഠനത്തിനും വിനോദത്തിനും ഒരേപോലെ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളും, ഗെയിമുകളും ചൂഷണത്തിന് കാരണമായി. അജ്ഞാത സൈറ്റുകളില്‍ ആകൃഷ്ടരാകുന്നതും അപരിചിതരുമായുള്ള ഓണ്‍ലൈന്‍ സൗഹൃദങ്ങളും അപകടങ്ങളിലേക്ക് എത്തിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.