തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകളും ഇന്നു മുതല്‍ ഇസ്റ്റാംപിങ് സംവിധാനം വഴിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിവിധ ആവശ്യങ്ങള്‍ക്കുള്ള മുദ്രപത്രങ്ങള്‍ ഇന്നു മുതല്‍ ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്ന് ഇ പേയ്‌മെന്റ് മുഖേന ഡൗണ്‍ലോഡ് ചെയ്തു വാങ്ങണം. ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്തു വാങ്ങേണ്ടിവരും. വ്യാജ മുദ്രപത്രങ്ങള്‍ തടയാനും സര്‍ക്കാര്‍ പണം ട്രഷറിയില്‍ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.

നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമായിരുന്നു ഇസ്റ്റാംപിങ് സംവിധാനം. ഇന്നു മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള മുദ്രപത്ര ഇടപാടുകള്‍ക്കും ഇസ്റ്റാംപിങ് നിര്‍ബന്ധമാകും. ഇസ്റ്റാംപിങ്ങിലൂടെ ജനങ്ങള്‍ അധികം തുക നല്‍കേണ്ടതില്ല. ഇന്റര്‍നെറ്റ് സേവനം നേരിട്ടു ലഭിക്കാത്തവര്‍ മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും. ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവര്‍ക്കു മാത്രമാണ് ഇസ്റ്റാംപ് ലഭ്യമാകുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് റജിസ്‌ട്രേഷനായി ഉപയോഗിക്കാം.

ഇസ്റ്റാംപിങ് സംബന്ധിച്ച്‌ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഫിസുകളില്‍ ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കാനും അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനും സാവകാശം ലഭിച്ചില്ലെന്നു പരാതിയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ട് സബ് രജിസ്റ്റ്രാര്‍ ഓഫിസുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണു പ്രചാരണമെങ്കിലും ഉത്തരവു പ്രകാരം ഇതു സംസ്ഥാനമാകെ ബാധകമാണ്.

സ്റ്റാംപ് വെന്‍ഡര്‍മാരില്‍ നിന്നു മുന്‍കൂട്ടി വാങ്ങി വച്ച മുദ്രപത്രങ്ങള്‍ ഇനി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. റജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ എന്ന സംവിധാനവും ട്രഷറി വകുപ്പിന്റെ പോര്‍ട്ടലും സംയോജിപ്പിച്ചു സംവിധാനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്റ്റാംപ് വെന്‍ഡര്‍മാര്‍ക്ക് പ്രത്യേക ലോഗിന്‍ സംവിധാനം ഒരുക്കി ഇസ്റ്റാംപ് ചെയ്ത മുദ്രപ്പത്രം വാങ്ങാന്‍ സൗകര്യം ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു.