മുംബൈ: മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ കാരാഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. കാരാഡ് ടൗണിനടുത്തുള്ള നാരായണവാടി ഗ്രാമത്തിലെ പൂനെ- ബംഗളൂരു ദേശീയപാതയിലായിരുന്നു ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. പൂനെ സ്വദേശികളായ ഗുസ്തിക്കാരാണ് മരിച്ച മൂന്നുപേരും. കോലാപൂരില്‍നിന്നും മടങ്ങിവരവെ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മറ്റൊരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുസ്തിക്കാര്‍ സഞ്ചരിച്ച കാറില്‍ ആറുപേരാണുണ്ടായിരുന്നത്.

സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. രാഹുല്‍ ഡോര്‍ജ്, സ്വപ്‌നില്‍ ഷിന്‍ഡെ, രവിരാജ് സലുങ്കെ എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൂനെ സ്വദേശികളായ ബാലസാഹേബ് ഗഡാകെ, ഗണേഷ് കാലെ, തുഷാര്‍ ഗവാഡെ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് സത്താര ജില്ലാ പോലിസ് സൂപ്രണ്ട് അജയ് കുമാര്‍ ബന്‍സല്‍ പറഞ്ഞു.