കൊച്ചി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച ആളുടെ രണ്ട് വയസ്സുകാരിയായ മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് 1.51 കോടി എയര്‍ ഇന്ത്യ നല്‍കുക. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്ബനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാര തുക എത്രയും വേഗം നല്‍കാന്‍ ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടു. മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണ്ണ രേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹര്‍ജിക്കാരും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം 1,51,08,234 രൂപ നഷ്ടപരിഹാരം രണ്ടു വയസുകാരിക്ക് നല്‍കാമെന്ന് വിമാനക്കമ്ബനി അറിയിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുമ്ബോള്‍ സഹ ഹര്‍ജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ ഉള്‍പ്പടെയുള്ള ഉചിത ഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

വിമാനാപകട ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച്‌ അനുവദിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഹര്‍ജിക്കാര്‍ക്ക് അന്തര്‍ ദേശീയ നിലവാരം അനുസരിച്ച്‌ കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.